Tuesday, August 27, 2013

അന്യായടോള്‍; സെപ്തം. 1 ന് ഉപരോധം

അന്യായടോള്‍; സെപ്തം. 1 ന് ഉപരോധം
Posted on: 27-Aug-2013 12:05 AM
തൃശൂര്‍: മണ്ണുത്തിþഇടപ്പള്ളി ദേശീയപാതയില്‍ അന്യായമായി ടോള്‍നിരക്ക് ഉയര്‍ത്തിയ ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ ഒന്നിന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലിയേക്കരയിലെ ടോള്‍പ്ലാസ ഉപരോധിക്കും. കേവലം 40 കിലോമീറ്റര്‍ മാത്രംവരുന്ന മണ്ണുത്തിþഇടപ്പള്ളി ദേശീയ പാതയില്‍ ഇപ്പോള്‍ പിരിക്കുന്ന ടോള്‍നിരക്ക് ദക്ഷിണേന്ത്യയില്‍ത്തന്നെ ഏറ്റവും ഉയര്‍ന്നതാണ്. അതിനു പുറമെയാണ് ഇപ്പോള്‍ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഈ നിരക്ക് വര്‍ധന വഴി വലിയ അഴിമതി നടത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും ശ്രമിക്കുന്നത്. 2011 ഡിസംബര്‍ ആദ്യവാരത്തില്‍ കരാര്‍പ്രകാരമുള്ള പണികള്‍ പൂര്‍ത്തിയാക്കാതെ ടോള്‍പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ അര്‍ധരാത്രിയില്‍ത്തന്നെ ഇത് തടഞ്ഞിരുന്നു. തുടര്‍ന്ന് വിവിധതലങ്ങളില്‍ ചര്‍ച്ച നടന്നു. തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ടി നേതാക്കളുമായി നടന്ന ചര്‍ച്ചകളിലെല്ലാം ജനകീയ താല്‍പ്പര്യം കണക്കിലെടുത്ത് മാത്രമേ ടോള്‍പിരിവ് ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസിനെ വിന്യസിപ്പിച്ച് സ്വകാര്യ ടോള്‍കമ്പനിക്ക് കൊള്ളചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ മുഴുവന്‍ വാഗ്ദാനങ്ങളും ഉമ്മന്‍ചാണ്ടി ലംഘിച്ച് ടോള്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിനുമുമ്പ് കമ്പനിക്ക് ടോള്‍ നിരക്ക് ഉയര്‍ത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അനുമതി നല്‍കിയിരുന്നത്. ഈ നിരക്ക് ഈടാക്കുമ്പോഴും നേരത്തേ ഉറപ്പുനല്‍കിയിരുന്ന അനുബന്ധസംവിധാനങ്ങളുടെ പണി പൂര്‍ത്തിയാക്കിയിട്ടില്ല. സര്‍വീസ് റോഡുകള്‍ കിലോമീറ്ററുകളോളം പൂര്‍ത്തിയാകാതെ കിടക്കുന്നു. ഡ്രൈയ്നേജ്, വഴിവിളക്കുകള്‍, ബസ്ബേകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയൊന്നും കാര്യക്ഷമമല്ല. അതിനുപുറമെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ നന്നാക്കാന്‍ ശ്രമിക്കാതെ ടോള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കയാണ്. പൊതുയോഗത്തിലും ഉപരോധ സമരത്തിലും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. സി ആര്‍ വത്സന്‍ അധ്യക്ഷനായി. എ സി മൊയ്തീന്‍, കെ കെ വത്സരാജ്, സി പി റോയി, രഘു കെ മാരാത്ത്, അഡ്വ. ദിപിന്‍ തെക്കേപ്പുറം, വി കെ മോഹനന്‍, ടി എസ് മുരളീധരന്‍, ജോണ്‍ വാഴപ്പിള്ളി എന്നിവരും പങ്കെടുത്തു.
- See more at: http://deshabhimani.com/newscontent.php?id=344843#sthash.ayXYqCuH.dpuf

No comments: