Monday, August 26, 2013

ഭരണം ഞങ്ങള്‍ക്കുവേണ്ടിയോ; ഭാഷ മലയാളമാകണം


Posted on: 27-Aug-2013 12:40 AM
തിരു: ""എന്റെ ഭാഷ മലയാളമാണ്. എനിക്ക് മലയാളമല്ലാതെ മറ്റൊന്നുമറിയില്ല. സര്‍ക്കാരാപ്പീസില്‍ ചെല്ലുമ്പം അവിടിരിക്കുന്ന സാറന്മാര്‍ ഇംഗ്ളീഷില്‍ കാര്യങ്ങളു പറഞ്ഞാ എനിക്കൊന്നും മനസ്സിലാവൂല്ല. ഭരണം ഞങ്ങള്‍ക്കു വേണ്ടിയാണെന്നാണല്ലോ പറയുന്നത്... അപ്പോള്‍ ഭരണം മലയാളത്തില്‍ത്തന്നെ നടത്തണം. അതിനായിട്ടുള്ള സമരം ഞങ്ങള്‍ക്കുവേണ്ടിക്കൂടിയുള്ളതാണ്"". നെടുമങ്ങാട് വീരണകാവ് കിടാരക്കുഴി പുതുവല്‍ പുത്തന്‍ വീട്ടില്‍ ഭവാനി ശകുന്തളയുടേതാണ് ഈ വാക്കുകള്‍. സര്‍ക്കാര്‍ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദേശം പിന്‍വലിച്ചതിനെതിരെ ഐക്യമലയാളപ്രസ്ഥാനം സംഘടിപ്പിച്ച സെക്രട്ടറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ഷകത്തൊഴിലാളിയായ ഭവാനി ശകുന്തള. ഭാഷാന്യൂനപക്ഷവുമായി ഒരു ബന്ധവുമില്ലാത്ത ഈ കാര്യത്തില്‍ അവരുടെ ആശങ്ക അകറ്റാനായി സര്‍വകക്ഷിയോഗം വിളിക്കുന്ന മുഖ്യമന്ത്രി കള്ളം പറയുകയാണെന്ന് പിരപ്പന്‍കോട് മുരളി അഭിപ്രായപ്പെട്ടു. ഒന്നാംഭാഷയ്ക്ക് സംഭവിച്ച ദുര്യോഗം ഈ നിര്‍ദേശത്തിനും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിനുവേണ്ടി സംസാരിക്കുന്ന ഒ എന്‍ വിയും സുഗതകുമാരിയും ഉപ്പെടെയുള്ള സാഹിത്യനായകര്‍ക്കൊക്കെ ഭഭാഷാഭ്രാന്താണെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്ന് പുരോഗമനകലാ സാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി ചോദിച്ചു. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ മാതൃഭാഷയെ അംഗീകരിച്ചുകിട്ടാന്‍ സമരം ചെയ്യേണ്ടിവരുന്നത് അപമാനമാണെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ കച്ചവടക്കാരുടെയും മലയാളവിരുദ്ധ നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെയും സമ്മര്‍ദതന്ത്രങ്ങള്‍ക്കു വഴങ്ങി മലയാളത്തെ ഇകഴ്ത്താനുള്ള സര്‍ക്കാര്‍നീക്കം ഉപേക്ഷിക്കണമെന്നും പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ഡോ. പി പവിത്രന്‍ ആവശ്യപ്പെട്ടു.
- See more at: http://deshabhimani.com/newscontent.php?id=344887#sthash.Uwio2mpe.dpuf

No comments: