Friday, August 23, 2013

ലാല്‍ജി കൊലപാതകം കെഎസ്യുക്കാര്‍ തമ്മില്‍തല്ലി 8 പേര്‍ ആശുപത്രിയില്‍




തൃശൂര്‍: കെഎസ്യു ഐ ഗ്രൂപ്പ് യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. ഒരു വിദ്യാര്‍ഥിനിയടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പട്ടികകൊണ്ട് അടിയേറ്റ് സാരമായി പരിക്കേറ്റ കെഎസ്യു ജില്ലാ സെക്രട്ടറി സജീര്‍ ബാബുവിനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പകല്‍ പതിനൊന്നിന് തൃശൂര്‍ വിവേകോദയം സ്കൂളിലാണ് സംഭവം. മന്ത്രി സി എന്‍ ബാലകൃഷ്ണനെ അനുകൂലിക്കുന്നവരും കെപിസിസി സെക്രട്ടറി ടി യു രാധകൃഷ്ണനെ അനുകൂലിക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. അയ്യന്തോളില്‍ രണ്ടു മാസത്തിനിടെ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ടിയിലെ ചേരിപ്പോരിന്റെ പേരില്‍ കൊലചയ്യപ്പെട്ട സംഭവം ചര്‍ച്ചയായപ്പോഴാണ് സി എന്‍ ബാലകൃഷ്ണനെ അനൂകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് തല്ലിയത്. പ്രവര്‍ത്തകര്‍ ചിതറിയോടി. കെഎസ്യു ഭാരവാഹി തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് ഗ്രൂപ്പ് യോഗം ചേര്‍ന്നത്. കെഎസ്യു ജില്ലാ പ്രസിഡന്റ് ശോഭസുബിന്‍ യോഗത്തില്‍ പങ്കെടുത്തില്ല. സെനറ്റംഗം പ്രമോദ് താണിക്കുടത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കെഎസ്യു ജില്ലാ കമ്മിറ്റിയംഗം സുജിന്‍ വൈലോപ്പിള്ളി, കുന്നംകുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അഫ്സല്‍, വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രേംജി ചിറ്റിലപ്പിള്ളി എന്നിവരെ തൃശൂര്‍ കോþഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സി എന്‍ ബാലകൃഷ്ണന്‍ പക്ഷക്കാരാണ്. കെഎസ്യു ജില്ലാ സെക്രട്ടിയും തൃശൂര്‍ ലോ കോളേജ് വിദ്യാര്‍ഥിനിയുമായ എന്‍ എസ് ശില്‍പ്പ, ജെറോണ്‍, ആല്‍വിന്‍ തോമസ് എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു കൂട്ടര്‍ ആശുപത്രിയില്‍ പോയപ്പോള്‍ മറു വിഭാഗവും ആശുപത്രിയില്‍ പോകുകയായിരുന്നു. ജില്ലാ സെക്രട്ടറി സജീര്‍ ബാബുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് പ്രമോദ് താണിക്കുടം ആരോപിച്ചു. എന്നാല്‍, തങ്ങളെ ഒരുസംഘം പട്ടികയും മറ്റുമായി ആക്രമിക്കുകയായിരുന്നുവെന്ന് സജീര്‍ ബാബു പറഞ്ഞു. സജീര്‍ബാബു ടി യു രാധാകൃഷ്ണന്‍പക്ഷക്കാരനാണ്. കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറി മധു ഈച്ചരത്ത്, വൈസ് പ്രസിഡന്റ് ലാല്‍ജി കൊള്ളന്നൂര്‍ എന്നിവര്‍ ഐ ഗ്രൂപ്പിലെ ചേരിപ്പോരിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിന് സാധ്യതയുണ്ടായിട്ടും തടയാന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഒന്നും ചെയ്തില്ലെന്ന് ഒരുവിഭാഗം ആരോപിച്ചപ്പോള്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനെ സി എന്‍ വിഭാഗം എതിര്‍ത്തു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു. ഇരു വിഭാഗത്തിന്റെയും പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കാനും ശ്രമം തുടങ്ങി.

No comments: