ഏത് പരിഷ്‌കാരവും ഏറ്റവും ആദ്യം കൈനീട്ടി സ്വാഗതം ചെയ്യുന്ന മലയാളികളെ പാചകവാതകത്തിന്റെ കാര്യത്തിൽ ശരിക്കുമൊരു പാഠം പഠിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രത്തോടൊപ്പം സംസ്ഥാന സർക്കാരും. അഞ്ഞൂറു രൂപയ്ക്കു താഴെ വിപണി വിലയിൽ തന്നെ വിൽക്കാവുന്ന ഒരു കുറ്റി ഗ്യാസിന് കേന്ദ്രം അത്രത്തോളമോ അതിലേറെയോ സബ്സിഡി വഹിക്കുന്നു എന്നാണ് പ്രചരിപ്പിച്ചുവരുന്നത്. വിലയുടെ രഹസ്യം അറിയണമെങ്കിൽ യഥാർത്ഥ ഉത്പാദനച്ചെലവും അതിന്റെ വിതരണച്ചെലവും നികുതിയുമടക്കമുള്ള കണക്കു പരിശോധിച്ചാൽ മതി. ഇപ്പോൾ ഈടാക്കുന്ന 444 രൂപ പല ഘട്ടങ്ങളായി എണ്ണക്കന്പനികൾ വർദ്ധിപ്പിച്ച് ഇത്രയുമെത്തിച്ചതാണ്.
പാചകവാതകവിതരണം വഴി എണ്ണക്കന്പനികൾക്കുണ്ടാകുന്നു എന്നു പറയുന്ന നഷ്ടം സാങ്കല്പികം മാത്രമാണ്. പാചകവാതകം മാത്രമല്ല പെട്രോൾ, ഡീസൽ വിലയുടെ കാര്യത്തിലും ജനങ്ങളെ വലിയതോതിൽ കബളിപ്പിച്ചാണ് എണ്ണക്കന്പനികളും കേന്ദ്രസർക്കാരും കൂടി പണം വാരുന്നതെന്നത് രഹസ്യമൊന്നുമല്ല. ഏറ്റവും ഒടുവിൽ സബ്സിഡികളെല്ലാം ഉപഭോക്താവിന്റെ പോക്കറ്റിലേക്ക് നേരിട്ട് എന്ന കേന്ദ്രത്തിന്റെ ഭരണപരിഷ്‌കാരത്തിൽ പാവം പാചകവാതകത്തെയും ഉൾപ്പെടുത്തിയിരിക്കുകയാണ്. ശരാശരി നാല്പതു ശതമാനം പേർ ഇപ്പോഴും നിരക്ഷരരായ രാജ്യത്ത് ആധാർ കാർഡിന്റെയും ബാങ്ക് അക്കൗണ്ടിന്റെയുമൊക്കെ മഹിമ ചൂണ്ടിക്കാട്ടി സർക്കാർ ദയാപൂർവം വച്ചുനീട്ടുന്ന തുച്ഛമായ ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടുവഴി എത്തുമെന്ന് പറയുന്നതുതന്നെ ഒരുമാതിരി പരിഹാസമാണ്. നിയമപ്രാബല്യം പോലുമില്ലാത്ത ആധാർ കാർഡിന് പൊടുന്നനെ കൈവന്നിരിക്കുന്ന മഹിമയും എടുത്തുപറയേണ്ടതാണ്.
ഇതിനെക്കാളൊക്കെ വിചിത്രമാണ് ഗ്യാസ് സബ്സിഡി സംബന്ധിച്ച് ഇതിനകം കൈക്കൊണ്ട നടപടികൾ. സാക്ഷരത ഉയർന്നുനിൽക്കുന്ന കേരളത്തിൽ ഈ പദ്ധതി പൂർണമായും നടപ്പാക്കാൻ തീരുമാനമെടുത്തു കഴിഞ്ഞു. ഇതിനകം നടപ്പാക്കിക്കഴിഞ്ഞ വയനാട്, പത്തനംതിട്ട ജില്ലകളിൽ നിന്നു ലഭിച്ച വിവരങ്ങൾ വച്ചുനോക്കുന്പോൾ ഈ ഇനത്തിലും ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നതിന്റെ കഥകളാണ് ഇതിനകം പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് തെളിവുസഹിതം ഞങ്ങൾ ഒന്നിലധികം റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്രത്തോടൊപ്പം ഇവിടെ ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള ദൗത്യം സംസ്ഥാനസർക്കാർ ഏറ്റെടുത്തിരിക്കുന്നതായി കാണാം. കേന്ദ്രം നൽകുന്നു എന്നു പറയുന്ന സബ്സിഡി തുകയ്ക്കും നികുതി ഏർപ്പെടുത്തിയതുവഴിയാണ് ഈ ചതി നടക്കുന്നത്. സബ്സിഡിയില്ലാതെ ഒരു കുറ്റി ഗ്യാസിന് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് 917. 50 രൂപയാണ്. ഇപ്പോൾ സംസ്ഥാനത്ത് ഗ്യാസിന്റെ ശരാശരി വില 444 രൂപയാണ്. നികുതി ബാധകമായത് ഈ തുകയ്ക്കുമാത്രമാണെന്ന് വളരെ വ്യക്തമാണ്. കേന്ദ്രം നൽകുന്ന സബ്സിഡി കൂടിച്ചേർത്ത് ഗ്യാസിന് വില നിശ്ചയിച്ചതുതന്നെ വേണ്ടത്ര ആലോചന കൂടാതെയായിരുന്നു. സബ്സിഡി തുകയ്ക്കുകൂടി നികുതി നൽകേണ്ടിവരുന്പോൾ വയനാട്ടിലും പത്തനംതിട്ടയിലുമുള്ള ഉപഭോക്താക്കൾ ഇപ്പോൾ 23 രൂപ വീതം ഓരോ സിലിണ്ടറിനും അധികം നൽകേണ്ടിവന്നിരിക്കുകയാണ്. മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തുന്പോൾ സബ്സിഡി തുക അതിൽ ഉൾപ്പെടുത്തരുതാത്തതാണ്. എന്നാൽ ഉദ്യോഗസ്ഥന്മാർ ഇതൊന്നും ശ്രദ്ധിക്കാതെ മൊത്തം വിലയ്ക്കും നികുതി ചുമത്തിക്കൊണ്ടിരിക്കുകയാണ്. നികുതി വകുപ്പിന്റെ ക്രമവിരുദ്ധവും നിയമവിരുദ്ധവുമായ ഈ നടപടി തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടും അത് തിരുത്താൻ നടപടിയൊന്നുമുണ്ടായില്ലെന്നതാണ് അതിനേക്കാൾ വിചിത്രം. നോക്കട്ടെ, പരിശോധിക്കാം എന്നൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒറ്റനോട്ടത്തിൽത്തന്നെ തെറ്റെന്നു കാണാവുന്ന ഒരു നടപടി തിരുത്താൻ എന്തിനാണ് കാലതാമസം. ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ചു ഗീർവാണം നടത്തുന്നവർ ഗ്യാസ് വാങ്ങുന്ന ഉപഭോക്താവിനുണ്ടാകുന്ന നഷ്ടം, അത് എത്രതന്നെ ചെറിയ തുകയുമാകട്ടെ, കണ്ടില്ലെന്നു നടിക്കരുത്. സർക്കാർ ലാഭമുണ്ടാക്കാനിരിക്കുന്ന കച്ചവടക്കാരനല്ലെന്നും ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥമാണെന്നുമുള്ള വിചാരമുണ്ടായിരുന്നുവെങ്കിൽ തെറ്റു ചൂണ്ടിക്കാട്ടിയ നിമിഷം തന്നെ അത് തിരുത്തുമായിരുന്നു.
സംസ്ഥാനത്തെ പതിന്നാലു ജില്ലകളിലും മൂന്നുമാസം കഴിയുന്പോൾ സബ്സിഡി ബാങ്ക് വഴിയാക്കുന്ന പദ്ധതി നടപ്പാക്കാൻ പോവുകയാണ്. ഇപ്പോഴത്തെ രീതിയിലാണ് ഉപഭോക്താക്കളിൽ നിന്ന് സബ്സിഡി സിലിണ്ടറിന് വില ഈടാക്കാൻ പോവുന്നതെങ്കിൽ കൈ നനയാതെ സർക്കാരിന് ലഭിക്കാൻ പോകുന്നത് 122 കോടി രൂപയാകും. ചെലവുകൾക്കു വഴി കാണാതെ കൈകാലിട്ടടിക്കുന്ന സംസ്ഥാന സർക്കാരിന് ഇതു പ്രലോഭനമായി തോന്നുമെങ്കിലും സംഗതി ഒരു തരത്തിലുള്ള പിടിച്ചുപറി തന്നെയാണ്. സബ്സിഡിയായി ജനങ്ങൾക്കു നൽകുന്ന തുകയ്ക്ക് നികുതി ചുമത്താൻ രാജ്യത്ത് ഒരു നിയമവും ഇല്ലെന്ന മുൻ ചീഫ് സെക്രട്ടറി ഡോ. എം. വിജയനുണ്ണിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. ഇത്തരത്തിൽ പിരിച്ചെടുത്തുകഴിഞ്ഞ തുക, അത് ഒരു പൈസയാണെങ്കിൽ പോലും ഉപഭോക്താവിന് മടക്കിനൽകേണ്ടതാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജനശബ്ദമാണ് പ്രതിഫലിക്കുന്നത്. സാധാരണക്കാരന്റെ പോക്കറ്റിൽ കൈവയ്ക്കുന്ന ഈ അധാർമ്മിക നടപടി ഉടനെ തിരുത്താൻ സർക്കാർ തയ്യാറാകണം.
No comments:
Post a Comment