Wednesday, September 11, 2013

ടി.പി വധം: ആഭ്യന്തര വകുപ്പിനെതിരെ കോൺഗ്രസിൽ അതൃപ്തി





തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ 20 പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ ചൊല്ലി കോൺഗ്രസിൽ അതൃപ്തി പുകയുന്നു. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ച് രംഗത്തു വന്നിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് കോടതിയിൽ ഇത്തരമൊരു വിധി ഉണ്ടാകാനുള്ള കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.ആഭ്യന്തര മന്ത്രി രാധാകൃഷ്ണനുമെതിരെയുള്ള അതൃപ്തി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല,​ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരെ അറിയിക്കാനാണ് നീക്കം. ഹൈക്കമാൻഡ് നേതാക്കളെയും അതൃപ്തി അറിയിക്കാൻ ആലോചിക്കുന്നുണ്ട്. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത് സർക്കാരിന് വലിയ തിരിച്ചടിയാണെന്നും ഒരു വിഭാഗം കരുതുന്നു. കെ.പി.സി.സി പ്രസി‌ഡന്റ് രമേശ് ചെന്നിത്തലയ്ക്കും ഇതേ അഭിപ്രായമാണുള്ളതെന്ന് കരുതുന്നു. അതുകൊണ്ടാണ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് ചെന്നിത്തല പ്രതികരിച്ചത്. അപ്പീൽ പോകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.അതിനിടെ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് ചീഫ് വിപ്പ് പി.സി.ജോർജും രംഗത്തു വന്നിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് പ്രതികളെ വെറുതെ വിട്ടതിന് കാരണമെന്ന് ജോർജ് തുറന്നടിച്ചു കഴിഞ്ഞു. ഘടകകക്ഷികളൊന്നും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും അവരും കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന.

No comments: