Posted on: Saturday, 31 August 2013
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന പ്രശ്നത്തിലും സോളാർ വിഷയത്തിലും ഉണ്ടായ ഭിന്നത പരിഹരിക്കാനാകാത്ത തരത്തിലേക്ക് നീങ്ങുന്നതോടെ പാർട്ടിയും സർക്കാരും രണ്ടുവഴിക്കായി! മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടതുപോലെ അന്തരീക്ഷം വളരെ മോശം.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തമ്മിൽ ഇപ്പോൾ ആശയവിനിമയവും കുറഞ്ഞു. പാർട്ടിയും സർക്കാരും ഏതാണ്ട് പൂർണ്ണമായി അകന്നുവെന്ന് കോൺഗ്രസിൽ തന്നെ അഭിപ്രായമുണ്ട്. ഹൈക്കമാൻഡിന്റെ വിലക്കുള്ളതിനാൽ ഇക്കാര്യം പരസ്യമായി ആരും പറയുന്നില്ലെന്നു മാത്രം. ഉള്ളിൽ അസ്വസ്ഥത പുകയുന്നുണ്ട്.
കേരള ഘടകത്തിലെ പ്രശ്നത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. വി.എം. സുധീരനെപ്പോലുള്ള മുതിർന്ന നേതാക്കളിൽ നിന്ന് സംസ്ഥാനത്തെ യഥാർത്ഥ സ്ഥിതി ഹൈക്കമാൻഡ് ശേഖരിച്ചിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകൾ കാര്യമായ അകൽച്ചയിലാണ്. ഗവ. ചീഫ് വിപ്പ് പി.സി. ജോർജിനെതിരെ ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലും ഇക്കാര്യം പ്രകടമായിരുന്നു. ഈ നിലയിൽ പോയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പച്ചതൊടില്ലെന്ന് ചില നേതാക്കളെങ്കിലും സമ്മതിക്കുന്നുണ്ട്. പക്ഷെ, അവർക്കുപോലും പരിഹാര നിർദ്ദേശം മുന്നോട്ടുവയ്ക്കാനാവുന്നില്ല. പരിഹാര നിർദ്ദേശം ഹൈക്കമാൻഡിൽ നിന്നുണ്ടാകും എന്ന പ്രതീക്ഷയിലാണ് അവർ.
ഐ ഗ്രൂപ്പിന് അമർഷം
ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന പ്രശ്നത്തോടെ കലുഷിതമായ കോൺഗ്രസ് ഗ്രൂപ്പ് പോര് സോളാർ വിഷയത്തിൽ മൂർദ്ധന്യതയിലെത്തി . സോളാറിൽ മുഖ്യമന്ത്രി സ്വന്തം നിലയിൽ കാര്യങ്ങൾ നീക്കുകയാണെന്ന പരാതിയാണ് ഐ ഗ്രൂപ്പ് ഉന്നയിക്കുന്നത്. ജുഡിഷ്യൽ അന്വേഷണ വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റുമായിപോലും ചർച്ച നടക്കുന്നില്ലെന്നും ഐ ഗ്രൂപ്പിലെ ചില നേതാക്കൾ പറയുന്നു. ജുഡിഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുകൊടുക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്നലെ സർക്കാരിനെ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം വന്നതിനുശേഷം അന്വേഷണത്തിലെ പരിഗണനാവിഷയങ്ങൾ തീരുമാനിക്കാനിക്കാനായിരുന്നു സർക്കാർ ഉദ്ദേശിച്ചിരുന്നത്.
എന്നാൽ, സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടില്ലെന്ന് വന്നതോടെ ഇനി എന്ത് എന്ന ആലോചന സർക്കാർതലത്തിൽ തുടങ്ങിയിട്ടുണ്ട്. പക്ഷെ, അവിടെയും പാർട്ടിയുമായി ചർച്ച ചെയ്യാതിരുന്നാൽ അത് പൊട്ടിത്തെറിക്കിടയാക്കുമെന്ന് ചില നേതാക്കൾ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജ് വിഷയത്തിൽ എ.ജി നേരിട്ട് ഹാജരായതിലും ഒരുവിഭാഗത്തിന് അമർഷമുണ്ട്. സർക്കാർ നിലപാടിൽ വി.എം. സുധീരൻ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പല കാര്യങ്ങളിലും തനിക്കുള്ള അതൃപ്തി പാർട്ടി ഫോറങ്ങളിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ അഭിപ്രായമാണ് പാർട്ടിയിലെ പല നേതാക്കൾക്കും. പാർട്ടി-സർക്കാർ ഏകോപന സമിതി വിളിച്ചുചേർത്ത് ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന അഭിപ്രായവും ചില നേതാക്കൾക്കുണ്ട്. അടുത്താഴ്ച കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. എന്നാൽ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ സന്ദർശനത്തലേന്ന് നടക്കുന്ന യോഗത്തിൽ കാര്യമായ ചർച്ച നടക്കാനിടയില്ല. കോൺഗ്രസിലേതുപോലെ തന്നെ യു.ഡി.എഫിലും പല കക്ഷികളും അതൃപ്തരാണ്. നയപരമായ കാര്യങ്ങൾ പലതും തങ്ങളോട് കൂടിയാലോചിക്കുന്നില്ലെന്ന പരാതി ചെറു ഘടകകക്ഷികൾക്കുണ്ട്. മുസ്ലീംലീഗിന്റെയും കേരള കോൺഗ്രസ് എമ്മിന്റെയും പ്രശ്നങ്ങൾ വേറെ.
No comments:
Post a Comment