Friday, August 23, 2013

കുറ്റവാളികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ സുപ്രീംകോടതിയുടെ സ്റ്റേ


കുറ്റവാളികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ സുപ്രീംകോടതിയുടെ സ്റ്റേ
വധശിക്ഷക്ക് വിധിക്കപ്പെട്ട ശിവു മുനിഷെട്ടിയും ജഡേസ്വാമി രംഗഷെട്ടിയും
സ്റ്റേക്ക് മുമ്പ് ജയിലില്‍ പ്രതികളിലൊരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു
ബംഗളൂരു: 18കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍, രണ്ട് കുറ്റവാളികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ വിധി നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്റ്റേ വരുന്നതിനുമുമ്പ് കുറ്റവാളികളില്‍ ഒരാള്‍ സ്വയം മുറിവേല്‍പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഏതാനും സമയത്തിന്‍െറ ദൈര്‍ഘ്യത്തിനിടയിലാണ് നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
രാഷ്ട്രപതി ദയാഹരജി തള്ളിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ബെല്‍ഗാം ഹിന്‍ഡാല്‍ഗ ജയിലില്‍ പ്രതികളെ വ്യാഴാഴ്ച തൂക്കിലേറ്റാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കവെയാണ് സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ്. ഇളവുതേടി പ്രതികളായ ശിവു മുനിഷെട്ടിയും ജഡേസ്വാമി രംഗഷെട്ടിയും സമര്‍പ്പിച്ച പുന$പരിശോധനാ ഹരജിയിലാണ്, വധശിക്ഷ നടപ്പാക്കല്‍ നാലാഴ്ച തടഞ്ഞ് ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് കര്‍ണാടക സര്‍ക്കാറിന് നോട്ടീസ് അയച്ചത്. മറ്റു വധശിക്ഷ കേസുകളിലും ശിക്ഷ നടപ്പാക്കുന്നത് ഇതോടൊപ്പം തടഞ്ഞു.
ബുധനാഴ്ച രാവിലെയാണ് കുറ്റവാളികളിലൊരാളായ ശിവു ബ്ളേഡുകൊണ്ട് സ്വകാര്യഭാഗങ്ങളിലും കൈയിലും മുറിവേല്‍പിച്ച് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ജയിലില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി ബെല്‍ഗാം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശിവുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും അപകടനില തരണംചെയ്തെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
2001 ഒക്ടോബര്‍ 11ന് ചാമരാജനഗര്‍ ജില്ലയിലെ കൊല്ളേഗല്‍ ഭദ്രായണ ഗ്രാമത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനാണ് പ്രദേശവാസികളായ ശിവുവിനും ജഡേസ്വാമിക്കും വധശിക്ഷ വിധിച്ചത്. 2005 ജൂലൈ 30ന് ചാമരാജനഗര്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. 2005 നവംബറില്‍ ഹൈകോടതിയും 2007ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു. ഒടുവില്‍ ആഗസ്റ്റ് 13നാണ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹരജി തള്ളിയത്.
1983നുശേഷം ആദ്യമായി ഹിന്‍ഡാല്‍ഗ ജയിലില്‍ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുകയായിരുന്നു അധികൃതര്‍. തൂക്കിലേറ്റാന്‍ ആരാച്ചാരെ ലഭ്യമല്ലാതിരുന്നതിനാല്‍ പരിശീലനം ലഭിച്ച ജയില്‍ ജീവനക്കാര്‍ തന്നെ കൃത്യം നിറവേറ്റാനിരിക്കയായിരുന്നു.
കഴിഞ്ഞ ദിവസം മാതാവും ഭാര്യയും സഹോദരിമാരും ഉള്‍പ്പെടെ ബന്ധുക്കള്‍ ശിവുവിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ശിവു നിരപരാധിയാണെന്നും ചിലരുടെ താല്‍പര്യങ്ങള്‍ക്കുവഴങ്ങി മന$പൂര്‍വം പ്രതിചേര്‍ത്തതാണെന്നും വധശിക്ഷ നടപ്പാക്കിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നും 30ഓളം വരുന്ന ബന്ധുക്കളും നാട്ടുകാരും ജയില്‍ അധികൃതര്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇവരിലൊരാളുടെ പക്കല്‍, താന്‍ നിരപരാധിയാണെന്നും ഗൂഢാലോചനയിലൂടെയാണ് പ്രതിയാക്കിയതെന്നും എഴുതിയ കത്ത് ശിവു കൊടുത്തയച്ചു. കത്ത് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തശേഷമാണ് ശിവുവിന്‍െറ ആത്മഹത്യാശ്രമ വാര്‍ത്ത പുറത്തുവന്നത്; അധികം വൈകാതെ വധശിക്ഷ തടഞ്ഞുള്ള സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവും.
ഉദ്വേഗജനകം, വികാരനിര്‍ഭരം; ദൈവവിളി പോലെ കോടതി ഉത്തരവ്
20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബെല്‍ഗാമിലെ ഹിന്‍ഡാല്‍ഗ ജയില്‍ വധശിക്ഷക്കൊരുങ്ങുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടുപേരും മാനസികവും ശാരീരികവുമായി പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി. ജീവിതത്തിനും മരണത്തിനുമിടയില്‍ മണിക്കൂറുകളുടെ ഇടവേളകള്‍ മാത്രം.
എന്നാല്‍ പിന്നീട് അരങ്ങേറിയത് നാടകീയമായ സംഭവങ്ങള്‍. രാവിലെ എട്ടിനുശേഷം ടോയ്ലെറ്റില്‍ പോയ ശിവു മുനിഷെട്ടി ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ടു. കൈയിലും സ്വകാര്യഭാഗങ്ങളിലും മുറിവുണ്ടാക്കിയായിരുന്നു ശിവുവിന്‍െറ ആത്മഹത്യാശ്രമം.
ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊടുവില്‍ അപ്രതീക്ഷിതമായ സന്തോഷമാവാര്‍ത്തയായിരുന്നു പ്രതികളെ കാത്തിരുന്നത്. ചൊവ്വാഴ്ച ജയിലില്‍ സന്ദര്‍ശിച്ച ഇരുവരുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പ്രതീക്ഷ വെറുതെയായില്ല. ഇരുവരുടെയും വധശിക്ഷ നാല് ആഴ്ചത്തേക്ക് നീട്ടിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഉച്ചയോടെ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു.
ശിവുവിന്‍െറ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജയില്‍ സൂപ്രണ്ട് വീരഭദ്രസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. 24 മണിക്കൂറും കനത്ത നിരീക്ഷണത്തിലുള്ള ജയിലില്‍ എങ്ങനെയാണ് ശിവുവിന് ബ്ളേഡ് ലഭിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എട്ട് വര്‍ഷത്തിനു ശേഷമാണ് ശിവു മുനിഷെട്ടി കുടുംബാംഗങ്ങളെ കാണുന്നത്. അതും മരണം വന്ന് വാതിലില്‍ മുട്ടിയ സമയത്ത്. കുടുംബാംഗങ്ങളെല്ലാം ശിവുവിനെ സന്ദര്‍ശിക്കാനത്തെിയിരുന്നു. രക്ഷാബന്ധന്‍ ദിനത്തിലായിരുന്നു സംഗമം. ശിവുവിന് കെട്ടികൊടുക്കാന്‍ സഹോദരിമാര്‍ രാഖി കൊണ്ടു വന്നിരുന്നു.
ജഡേസ്വാമിയുടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. ഭാര്യയടക്കം 22 കുടുംബാംഗങ്ങളും അദ്ദേഹത്തെ സന്ദര്‍ശിക്കാനത്തെിയിരുന്നു. ഒരു മണിക്കൂറോളം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് ജയില്‍ സാക്ഷിയായി.തല്‍ക്കാലം ഒരു മാസത്തേക്ക് ഇരുവര്‍ക്കും ആയുസ്സ് നീട്ടിക്കിട്ടിയെന്നു മാത്രമാണ് ആശ്വാസത്തിനുള്ള വക. പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന്‍െറ നിലപാടുകളും ഇവര്‍ക്ക് പ്രത്യാശ നല്‍കുന്നതാണ്.

No comments: