Thursday, September 5, 2013

ശ്രീധരൻ നായർ മൊഴി നല്കിയില്ല എന്ന് പോലിസ് .മൊഴി നല്കി എന്ന് ശ്രീധരൻ നായർ


മുഖ്യമന്ത്രിക്കെതിരെ ശ്രീധരൻ നായർ മൊഴി നൽകിയില്ലെന്ന് പൊലീസ് കോടതിയിൽ
Posted on: Thursday, 05 September 2013 


കൊച്ചി: സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരൻ ശ്രീധരൻ നായർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല എന്നാണ് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം ശ്രീധരൻ നായർ നൽകിയ മൊഴിയെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി എ.ഹേമചന്ദ്രൻ സത്യവാങ്മൂലത്തിൽ അറിയിച്ചു.സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോയ് കൈതാരം നൽകിയ ഹർജിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്.മുഖ്യമന്ത്രിയെ കണ്ടു എന്ന് ശ്രീധരൻ നായർ പറഞ്ഞതായും പൊലീസ് കോടതിയിൽ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളായിരുന്ന ജിക്കുമോൻ ജേക്കബ്,​ സലിംരാജ് എന്നിവരുടെ പേരുകളും ശ്രീധരൻ നായർ മൊഴിയിൽ പറഞ്ഞിട്ടില്ല. മാത്രമല്ല ഇരുവർക്കും എതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല. അതിനാലാണ് അവർക്കെതിരെ അന്വേഷണം വേണ്ടെന്ന് വച്ചതെന്നും പൊലീസ് അറിയിച്ചു.സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും എ.ഡി.ജി.പി പറഞ്ഞു. കേരളത്തിലെ കേസിൽ ഇത്തരം സംവിധാനങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശ്രീധരൻ നായരുടെ മൊഴിയുടെ വിശദാംശങ്ങൾ പൊലീസ് കോടതിയിൽ സമ‌ർപ്പിച്ചിട്ടുണ്ട്.

പൊലീസ് പറഞ്ഞത് കള്ളം,​ മൊഴിയിൽ ഉറച്ചു നിൽക്കുന്നു: ശ്രീധരൻ നായർ


കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കള്ളമാണെന്ന് കേസിലെ പരാതിക്കാരൻ ശ്രീധരൻ നായർ പറഞ്ഞു. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.സോളാർ കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ശ്രീധരൻ നായർ മൊഴി നൽകിയിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ശ്രീധരൻ നായർ.താൻ കോടതിയിൽ പറഞ്ഞ മൊഴിയല്ല പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ധൈര്യമുണ്ടെങ്കിൽ തന്റെ രഹസ്യമൊഴി പുറത്തു വിടട്ടെയെന്നും ശ്രീധരൻ പറഞ്ഞു.

No comments: