Wednesday, September 4, 2013

വായയിലൂടെ കേള്‍ക്കുന്ന തവള


_69610568_69556723
ലോകത്തിലെ ഏറ്റവും ചെറിയ തവളയായ ഗാര്‍ഡിനേര്‍സ് തവളകള്‍ വായയിലൂടെയാണ് ശബ്ദം കേള്‍ക്കുന്നതെന്ന് പഠനം. ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ റെനോഡ് ബോയ്‌സ്റ്റലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനത്തിനു പിന്നില്‍. ഇത്തരത്തില്‍ ശബ്ദം കേള്‍ക്കാനുള്ള സംവിധാനം തവളകളുടെ വായയിലുണ്ടെന്ന് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പഠനഫലം പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേര്‍ണലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെഷില്ലിസ് ദ്വീപുകളിലാണ് ഈ തവള വര്‍ഗത്തെ കാണുന്നത്. ഗാര്‍ഡിനേര്‍സ് തവളകള്‍ക്ക് സാധാരണ കര്‍ണപടെ ഉള്‍പ്പെട്ട ശ്രവണസംവിധാനമില്ല. തുടര്‍ന്ന് നടത്തിയ ഗവേഷണത്തിനൊടുവിലാണ് വായക്കുള്ളിലാണ് ഇവയുടെ ശ്രവണസംവിധാനമുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ആന്തരകര്‍ണത്തിലേയ്ക്ക് ശബ്ദവീചികള്‍ വിനിമയം ചെയ്യാന്‍ ഈ തവളകള്‍ വായ്ക്കുള്ളിലെ പ്രത്യേക രന്ധ്രവും കോശപാളിയും ഉപയോഗിക്കുന്നു.
മധ്യകര്‍ണമില്ലാതെ എങ്ങനെയാണ് ഗാര്‍ഡിനേഴ്‌സ് തവളകള്‍ ശബ്ദം കേള്‍ക്കുന്നത് എന്നതിനെക്കുറിച്ച് നേരത്തെ നിരവധി പഠനങ്ങള്‍ നടന്നിരുന്നു. മധ്യകര്‍ണത്തിനു പകരം എന്ത് സംവിധാനമാണ് കേള്‍വിക്ക് സഹായിക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇതിനായി എക്‌സറേ ഇമേജിങ് വിദ്യകളുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്. ആന്തരകര്‍ണത്തിലേയ്ക്ക് ശബ്ദം വിനിമയം ചെയ്യുമ്പോള്‍ ഏത് കോശഭാഗങ്ങളാണ് സങ്കോചിക്കുന്നതെന്നും കമ്പനം ചെയ്യുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.

No comments: