Saturday, August 31, 2013

ആശാറാം ബാപ്പു ഒളിവിൽ,​ പൊലീസ് ഇരുട്ടിൽ തപ്പുന്നു

Posted on: Saturday, 31 August 2013 


ഇൻഡോർ/ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ആൾദൈവം ആശാറാം ബാപ്പുവിനെ അറസ്റ്റു ചെയ്യാനാവാതെ പൊലീസ് കുഴങ്ങുന്നു. ആശാറാം എവിടെയാണെന്നത് സംബന്ധിച്ച് പൊലീസിന് ഒരു സൂചനയുമില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. പിന്നാലെ ആശാറാം ബാപ്പു അജ്ഞാത കേന്ദ്രത്തിലേക്ക് പോയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇന്നലെ വൈകിട്ടാണ് മകൻ നാരായൺ സായിക്കുമൊപ്പം ആശാറാം ബാപ്പു ഭോപ്പാലിൽ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് പോയത്. ഇവർ സ‍ഞ്ചരിച്ചിരുന്ന വാഹനം ദേവാസ് ടോൾ നാകയിൽ വച്ച് കണ്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ​തീരെ സുഖമില്ലാത്തതിനാലാണ് പിതാവ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്നാണ് മകൻ നാരായൺ സായി പറഞ്ഞത്. അതിനിടെ ആശാറാം ബാപ്പുവിന്റെ അനുയായികൾ ആശ്രമത്തിലെത്തിയ ടെലിവിഷൻ ചാനലുകൾക്ക് നേരെ ആക്രമണം നടത്തി. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കേന്ദ്ര വാർത്താ വിതരണ മന്ത്രി മനീഷ് തിവാരി അപലിച്ചു.24 മണിക്കൂറിനകം ബാപ്പുവിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മരണം വരെ ഉപവസിക്കുമെന്ന് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. രാജസ്ഥാൻ പൊലീസ് ബാപ്പുവിന് അനുകൂലമായിട്ടാണ് പെരുമാറുന്നത്. സംഭവം നടന്ന് ദിവസമിത്രയുമായിട്ടും ബാപ്പുവിനെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.ആഗസ്റ്റ് 15നാണ് ജോധ്പൂരിലെ ആശ്രമത്തിൽ വച്ച് ആശാറാം ബാപ്പു പതിനാറു വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

No comments: