Thursday, August 23, 2012

അസം കലാപം: എം.എല്‍.എ അറസ്റ്റില്‍

അസം കലാപം: എം.എല്‍.എ അറസ്റ്റില്‍

Published on  23 Aug 2012
ഗുവാഹാട്ടി: അസം കലാപവുമായി ബന്ധപ്പെട്ട് അസമിലെ ഭരണകക്ഷി എം.എല്‍.എ അറസ്റ്റിലായി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിലെ ഘടകക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എം.എല്‍.എ പ്രദീപ് ബ്രഹ്മയാണ് അറസ്റ്റിലായത്. കൊക്രജാര്‍ (വെസ്റ്റ്) മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് ബ്രഹ്മ.

കലാപത്തില്‍ പങ്കുണ്ടെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊക്രജാര്‍ ടൗണിന് സമീപത്തുള്ള ഡൊട്ടോമിയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ ഒരുമണിക്കാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് ബ്രഹ്മയുടെ അനുയായികള്‍ വിവിധ സ്ഥലങ്ങളില്‍ വഴിതടയലും ധര്‍ണയും നടത്തി. ഇതേത്തുടര്‍ന്ന് കൊക്രാജാറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊക്രജാറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏഴു കേസുകളാണ് ബ്രഹ്മയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അസം ഐ.ജി എല്‍.ആര്‍ ബിഷ്‌ണോയി അറിയിച്ചു.

അസമിലെ ബോഡോലാന്‍ഡ് മേഖലയായ കൊക്രജാറില്‍ പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തില്‍ ഇതിനകം 82 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നാലുലക്ഷത്തിലേറെപ്പേര്‍ ഭവനരഹിതരായി. ബോഡോ വിഭാഗക്കാരായ തദ്ദേശീയരും ബംഗ്‌ളാദേശില്‍ നിന്നുള്ള ന്യൂനപക്ഷകുടിയേറ്റക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് കലാപത്തിലേക്ക് വഴിമാറിയത്.

No comments: