
ന്യൂഡൽഹി: നഗരഹൃദയത്തിലെ ഒരു ഫ്ലാറ്റിൽ പതിനഞ്ചുകാരിയെ ഒരു വർഷത്തോളം വീട്ടുജോലിയെടുപ്പിക്കുകയും പൈശാചികമായി മർദ്ദിക്കുകയും വളർത്തു പട്ടികളെക്കൊണ്ട് കടിപ്പിക്കുകയും ചെയ്ത വീട്ടമ്മയെ പൊലീസ് അറസ്റ്റു ചെയ്തു.
തല പൊട്ടി ശരീരം മുഴുവൻ മുറിവുകളും വടുക്കളുമായി നഗ്നയായി കാണപ്പെട്ട പെൺകുട്ടിയെ പൊലീസും അയൽക്കാരും ചേർന്നാണ് ഫ്ലാറ്റിൽനിന്ന് രക്ഷപ്പെടുത്തിയത്. അസ്തപ്രജ്ഞരാക്കുന്ന തരത്തിൽ ക്രൂരമായ ദൃശ്യങ്ങളാണ് അവിടെയുണ്ടായിരുന്നത് പൊലീസ് തന്നെ പറഞ്ഞു.
അൻപതുകാരിയായ വന്ദന ധീർ എന്ന വീട്ടമ്മയും അവരുടെ അമ്മയുമാണ് വസന്ത്കുഞ്ജിലെ ഫ്ളാറ്റിൽ കഴിഞ്ഞിരുന്നത്, കൂട്ടിന് കുറെ പട്ടികളും. പെൺകുട്ടിയെ ഝാർഖണ്ഡിൽനിന്നാണ് കൊണ്ടുവന്നത്. കുറെ കാലമായി വീട്ടിൽനിന്ന് നിലവിളിയും കരച്ചിലുമൊക്കെ കേൾക്കാറുണ്ടെന്ന് അയൽക്കാർ പറയാറുണ്ടെങ്കിലും വന്ദനയോട് ചോദിക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. നോയ്ഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയാണ് ഈ സ്ത്രീ.
ഇന്നലെ വൈകുന്നേരം അയൽക്കാരുടെ പരാതി തന്നെയാണ് പൊലീസിനെ ഫ്ലാറ്റിലെത്തിച്ചത്. പക്ഷേ കതക് തുറക്കാനോ ഇവരെ അകത്ത് കടത്താനോ വന്ദനയുടെ അമ്മ തയാറായില്ല. മണിക്കൂറുകളോളം കാത്തുനിന്ന് നേരം വെളുത്തപ്പോഴാണ് പൊലീസിന് വന്ദനയെ അറസ്റ്റു ചെയ്യാനായത്. ഇതിനിടെ അവരുടെ അഭിഭാഷകനുമെത്തി. വനിതാപൊലീസുകാരില്ലാതെ രാത്രി സ്ത്രീകളെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അഭിഭാഷകൻ പറഞ്ഞതുകൊണ്ടാണ് പൊലീസിന് കാത്തുനിൽക്കേണ്ടിവന്നത്.
ഒരു വർഷം മുന്പ് ബന്ധുവാണ് കുട്ടിയെ ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുവന്നത്. ഇതിനിടെ ഒരിക്കൽപോലും നാട്ടിൽ പോകാൻ അനുവദിച്ചില്ല. തുടർച്ചയായ മർദ്ദനമായിരുന്നുവെന്ന് കുട്ടി പറഞ്ഞു. ഒരിക്കൽ കത്തിയെടുത്ത് കുത്തുകയും ചെയ്തു. അടിമപ്പണികൂടി ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കുട്ടിയെ ആശുപത്രിയിലാക്കി.
No comments:
Post a Comment