Friday, August 23, 2013

ആൾദൈവത്തിന്റെ അവതാര ലീലകൾ
Posted on: Friday, 23 August 2013 


ആശാറാം ബാപ്പു, ഇടതൂർന്ന നരച്ച താടി, കാന്തിക ശക്തിയുള്ള കണ്ണുകൾ, ആയിരക്കണക്കിന് അനുയായികൾ, ആത്മീയതയുടെ നിറകുടമെന്നത്രേ അവരയാളെ വിശേഷിപ്പിക്കുന്നത്. ആശ്രമങ്ങളും കോടികളുടെ സ്വത്തുമൊക്കയായി വിളങ്ങുന്ന 72 കാരനായ ബാപ്പുവെന്ന സ്വയം പ്രഖ്യാപിത സ്വാമി, അഥവാ ആൾദൈവം വീണ്ടും കേസിൽ കുടുങ്ങിയിരിക്കുകയാണ്. 16 കാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ.
സംഭവം വിവാദമായേതാടെ പൊലീസ് ആശ്രമമൊക്കെ പൂട്ടിയിരിക്കുകയാണിപ്പോൾ..

ചില്ലറക്കാരനല്ല..1941ൽ നവാബ്ഷാ ജില്ലയിലെ ബെറാനി ഗ്രമത്തിലാണ് ജനനം. വിഭജനത്തിനു ശേഷം ഗ്രാമം പാകിസ്ഥാനിലാണ്. കുട്ടിക്കാലത്തേ അച്ഛനെ നഷ്ടപ്പെട്ടു. അമ്മയാണ് ആത്മീയതയിലേക്ക് വഴി തിരിച്ചുവിട്ടത്. ജപവും ധ്യാനവും എല്ലാം പഠിപ്പിച്ചത് അമ്മ.( വഴിപിഴച്ചുപോയതു കാണാൻ അമ്മയില്ലാത്തത് ഭാഗ്യം). പതുക്കെ വീട് വിട്ടു. വൃന്ദാവനത്തിലെത്തി, അവിടെ ലീലാഷായെന്ന ഗുരുവിന്റെ ആശ്രമത്തിൽ എത്തി. അതിനു മുൻപ് വിവാഹം കഴിച്ചിരുന്നു. ഭാര്യ ലക്ഷ്മി ദേവി.നാരായൺ പ്രേം മകൻ. ഭാരതീ ദേവി മകൾ. പലയിടങ്ങളിലും യാത്ര ചെയ്ത് സത്സംഗങ്ങൾ നടത്തിയ സ്വാമി എങ്ങനെ ഇങ്ങനെയായി എന്ന് ആർക്കും അറിയില്ല.

ഭൂമി കൈയേറ്റങ്ങൾഗുജറാത്തിലെ നവസാരി ജില്ലയിലെ ഭൈരവി ഗ്രാമത്തിൽ പത്തേക്കറിൽ ആശ്രമം സ്ഥാപിച്ച ആശാറാം 2000ൽ ആദ്യ വിവാദത്തിൽ അകപ്പെട്ടു. ആറേക്കർ സർക്കാർ ഭൂമി കൈയേറിയതാണ് വിവാദത്തിലായത്. സംഭവം കത്തിപ്പിടിച്ചതോടെ സർക്കാർ ബുൾഡോസറുകളുമായി എത്തി, മൂന്നാർ മോഡലിൽ, കൈയേറ്റം ഇടിച്ചു നിരത്തി. ആറേക്കറും ഒഴിപ്പിച്ചെടുത്തു. അടുത്ത കൈയേറ്റം മധ്യപ്രദേശിലായിരുന്നു.
മധ്യപ്രദേശിലും സ്വാമിക്ക് ആശ്രമമുണ്ട്. സ്വാമിക്ക് പലപല സംഘടനകളുമുണ്ട്. അതിലൊന്നാണ് യോഗ വേദാന്ത സമിതി. ഈ സമിതിക്ക് രത്‌ലം എന്ന സ്ഥലത്തുള്ള മംഗല്യ ക്ഷേത്രത്തിൽ സത്സംഗത്തിന് അനുമതി നൽകി. 2001ലാണ് സംഭവം. 11 ദിവസത്തേക്കായിരുന്നു അനുമതി. അതിന്റെ മറവിൽ ഭൂമി കൈയറിയ സ്വാമിയും കൂട്ടരും അവിടം ഒഴിഞ്ഞില്ല. 700 കോടി രൂപ വിലമതിക്കുന്ന നൂറേക്കറാണ് കൈയേറിയത്. ഇത് കേസിലും വഴക്കിലുമാണ്.

കുട്ടികളുടെ മരണംആശ്രമത്തിലെ അന്തേവാസികളായിരുന്നു ദീപേഷ് വഗേലയും അഭിഷേക് വഗേലയും. പത്തും പതിനൊന്നും വയസ്സുള്ളവർ.ഗുജറാത്തിലെ ആശ്രമത്തോടു ചേർന്നുള്ള ഗുരുകുലത്തിലാണ് ഇവർ പഠിച്ചിരുന്നത്. ബന്ധുക്കളായ ഇവരെ 2008 ജൂലൈ മൂന്നിന് കാണാതായി. രണ്ടു ദിവസം കഴിഞ്ഞ് സബർമതി നദിയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അഥർവ്വ വേദത്തിൽ പറയും പോലുള്ള ചില ഗൂഡ താന്ത്രിക കർമ്മങ്ങൾക്കായി ഇവരെ കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. (മൃതദേഹം സൂക്ഷിക്കുകയും അതിന്റെ പുറത്തിരുന്ന് ധ്യാനം നടത്തുകയും മറ്റും ചെയ്യുന്ന ഗൂഡകർമ്മങ്ങളത്രേ ഇത്) ആശ്രമത്തിലെ ഏഴ് താന്ത്രികർക്ക് എതിരെ കേസ് എടുത്തങ്കിലും, നുണ പരിശോധനയിൽ ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ് ഇവരെ വിട്ടയക്കുകയായിരുന്നു.

ലൈംഗിക പീഡനം,​ കൊലപാതക ശ്രമംആശ്രമത്തിൽ നിഗൂഡ താന്ത്രിക കർമ്മങ്ങളുടെ പേരിൽ പേക്കൂത്തുകളാണ് നടന്നിരുന്നതെന്ന് ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസിയായ രാജു ചന്തക് വെളിപ്പെടുത്തിയിരുന്നു. ഇത്തരം ക്രൂരതകളും കുത്തഴിഞ്ഞ ലൈംഗികതയും മറ്റുമാണ് നടക്കുന്നതെന്ന് രാജു പറഞ്ഞു. മാത്രമല്ല ബാപ്പു അന്തേവാസികളായ സ്ത്രീകളെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. പുറത്തു പറഞ്ഞാലോ ആശ്രമം വിട്ട് പലായാനം ചെയ്താലോ ബാപ്പുവിന്റെ ആൾക്കാർ കൊല്ലുമെന്ന് ഭയന്ന് പലരും ഒന്നും പറയാതെ എല്ലാം സഹിക്കുകയായിരുന്നു. 2009 ഡിസംബറിൽ രാജുവിനെ കൊല്ലാൻ ശ്രമിച്ചിരുന്നു. രണ്ട് അജ്ഞാതർ വെടിവക്കുകയായിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട ഇയാൾ പരാതി നൽകിയതിനെത്തുടർന്ന്ബാപ്പുവിനും മറ്റ് രണ്ടു പേർക്കുമെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്തു.

കൂട്ടമാനഭംഗക്കേസിലെ പരാമർശംഡൽഹി കൂട്ടമാനഭംഗക്കേസുമായി ബന്ധപ്പെട്ട ബാപ്പു നടത്തിയ പരാമർശവും വിവാദമായിരുന്നു. പെൺകുട്ടിയും കുറ്റക്കാരിതന്നെയാണ് ,അവൾക്ക് പ്രതികളുടെ സഹോദരന്മാരെ ഫോണിൽ വിളിച്ച് സഹായം അഭ്യർഥിക്കാമായിരുന്നു എന്നൊക്കെയായിരുന്നു പരാമർശം.

പ്രേതബാധയൊഴിപ്പിക്കാൻ എത്തി,​ പീഡനത്തിന് ഇരയായിഅഞ്ചു വർഷമായി മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ബാപ്പുവിന്റെ ഗുരുകുലത്തിൽ താമസിച്ചു പഠിക്കുന്ന പതിനാറുകാരിയെയാണ് ഇയാൾ രാജസ്ഥാനിലെ ജോധ്പ്പൂരിലുള്ള ആശ്രമത്തിൽ വച്ച് പീഡിപ്പിച്ചത്. കുട്ടിക്ക് തീരെ സുഖമില്ലെന്നും നില മോശമാണെന്നും ഈ മാസമാദ്യം ഗുരുകുലം അധികൃതർ കുട്ടിയുടെ പിതാവിനെ വിളിച്ചറിയിച്ചിരുന്നു. അവർ ഓടിപ്പിടച്ചെത്തിയപ്പോൾ കുട്ടിക്ക് കുഴപ്പമൊന്നുമില്ല. അവർ അധ്യാപകരോട് കയർത്തപ്പോൾ ഗുരു അവൾക്ക് ഒരു മന്ത്രം ഉപദേശിച്ചെന്നും അത് ചൊല്ലിയതോടെ രോഗം കുറഞ്ഞെന്നുമാണ് അവർ മാതാപിതാക്കളോട് പറഞ്ഞത്. എങ്കിലും അവൾക്ക് പ്രേതബാധയുണ്ടെന്നും അത് പൂർണ്ണമായും അകറ്റാൻ ബാപ്പുവിനെ ജോധ്പ്പൂരിലെ ആശ്രമത്തിൽ പോയി കാണണമെന്നും അവർ പറഞ്ഞു.
തുടർന്ന് മകളേയും കൂട്ടി പതിമൂന്നാം തീയതി അവിടെച്ചെന്നു. പതിനഞ്ചിന് മന്ത്രവാദം നിശ്ചയിച്ചു. മാതാപിതാക്കൾ നിൽക്കേണ്ടതില്ലെന്നും മടങ്ങിപ്പോകണമെന്നും ബാപ്പു പറഞ്ഞെങ്കിലും അവർ കൂട്ടാക്കിയില്ല. പതിനഞ്ചാം തീയതി അവരെ പുറത്തു നിർത്തി കുട്ടിയെ അകത്തെ മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

താനവിടെ ഇരിക്കെ മറ്റൊരു മുറിയിൽ നിന്ന് കടന്നു വന്ന ബാപ്പു പെട്ടെന്ന് തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ചെറുത്തിട്ടും ഉപദ്രവം തുടർന്നു. പോകണമെന്നു പറഞ്ഞ് കരഞ്ഞപ്പോൾ മുറിയിൽ പൂട്ടിയിട്ടു. മൂന്നു മണിക്കൂർ കഴിഞ്ഞാണ് തുറന്നുവിട്ടത്. അച്ഛനമ്മമാരോട് പറഞ്ഞാൽ അവരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് വിട്ടയച്ചത്. പെൺകുട്ടി പറയുന്നു.

ആദ്യം ഒന്നും മിണ്ടാതിരുന്ന പെൺകുട്ടി 17ന് ഉത്തർപ്രദേശിലെ വീട്ടിലെത്തിയിട്ടാണ് കാര്യങ്ങൾ പറഞ്ഞത്. 18ന് ഡൽഹി രാം ലീലാ മൈതാനത്ത് ബാപ്പുവിന്റെ ആത്മീയ പ്രഭാഷണം ഉണ്ടായിരുന്നു. അവിടെ വച്ച് അയാളെ നേരിട്ടു കണ്ട് ചോദിക്കാൻ മാതാപിതാക്കൾ എത്തിതെങ്കിലും സുരക്ഷാ പ്രശ്നം കാരണം കാണാൻ അനുവദിച്ചില്ല. തുടർന്നാണ് അന്ന് വൈകിട്ട് അവർ ഡൽഹി കമലാനഗർ പൊലീസിൽ പരാതി നൽകിയത്. വൈദ്യ പരിശോധനയ്ക്കു ശേഷം പെൺകുട്ടി മജിസ്ട്രേറ്റിനു മുൻപാകെ മൊഴി നൽകിയിട്ടുമുണ്ട്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി
ലോകനായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിലെ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്.

മാനഭംഗം, തടഞ്ഞുവയ്ക്കൽ, വധ ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം ബാപ്പുവിന് എതിരെ കേസ് എടുത്തു. കേസ് രാജസ്ഥാൻ പൊലീസിനു കൈമാറും. ബാപ്പു മുൻകൂർ ജാമ്യം തേടിയേക്കും.
 

No comments: