Monday, August 26, 2013

ഇയ്ക്ക് പഠിക്കണം,​ ന്റെ ഗതി വേറൊരു പെണ്ണിനും വരരുത്



ഇയ്ക്ക് പഠിക്കണം,​ ന്റെ ഗതി വേറൊരു പെണ്ണിനും വരരുത്
Posted on: Tuesday, 27 August 2013 

മലപ്പുറം: 'ഇയ്ക്ക് പഠിക്കണം, ന്റെ സമ്മതം ഇല്ല്യാതെ ആണ്
 നിക്കാഹ് നടന്നത്. 15ദിവസം മൃഗത്തെപ്പോലെ ആണ് അയാള്
 പെരുമാറീത്. ഒരു പെങ്കുട്ടിക്കും ന്റെ ഗതി വരര്ത്. അത്ര സഹിച്ച്ട്ട്ണ്ട്.'
 കുട്ടിത്തം മാറും മുന്പേ അറബിക്ക് മുന്നിൽ എറിയപ്പെട്ട 
കൂട്ടിലങ്ങാടിയിലെ പതിനേഴുകാരി പറയുന്നു.
പുറംലോകം പോലും കാണിക്കാതെ വിവിധ സ്ഥലങ്ങളിൽ

 കൊണ്ടുപോയായിരുന്നു പീഡനം. ഒന്നുറക്കെ കരയാനോ സങ്കടം
 പറയാനോ കഴിഞ്ഞില്ല. ഉമ്മയെ ഫോണിൽ വിളിക്കാൻ പോലും 
സമ്മതിച്ചില്ല. ആവശ്യങ്ങൾ തീർന്നപ്പോൾ വലിച്ചെറിയപ്പെട്ട 
അവൾക്കുമുന്നിൽ ജീവിതമൊരു ചോദ്യചിഹ്നമാണ്.

മലബാറിലെ അനവധി പെൺജീവിതങ്ങൾ തകർത്ത അറബിക്കല്യാണത്തിലെ ഇരയാണിവൾ.

 തനിക്ക് സംഭവിച്ചത് വിധിയെന്നുകരുതി തളർന്നിരിക്കാൻ അവൾ ഒരുക്കമല്ല. നിറങ്ങളുടെയും
 സ്വപ്നങ്ങളുടെയും ലോകത്ത് ഇരുട്ടുനിറച്ച അറബിക്കും ഒത്താശ നല്കിയ കോഴിക്കോട്ടെ 
സിയസ്കോ യത്തീംഖാന അധികൃതർക്കുമെതിരെ ധീരമായ നിയമപോരാട്ടത്തിലാണവൾ.
വിവാഹമാലോചിച്ചവരോട് പഠിക്കണമെന്ന് പറഞ്ഞ് കാലുപിടിച്ചതാണ്. ആരും അവളുടെ 

സങ്കടം കേട്ടില്ല. അനാഥർക്ക് പലതും ആഗ്രഹിക്കാൻ അവകാശമില്ല.

പഠിച്ച ക്ലാസുകളിലെല്ലാം മിടുമിടുക്കി. പ്ലസ്ടുവിന് 70 ശതമാനം മാർക്കുണ്ട്. കൂടപ്പിറപ്പുകളുടെ 

വിശപ്പകറ്റാൻ ഉമ്മ പാടുപെടുന്പോൾ പഠനം അതിമോഹമാണെന്ന് അവൾക്കറിയാം.
 പ്രാരാബ്ധങ്ങൾക്കിടയിലും പഠനം കൈവിട്ടില്ല. ഉമ്മയ്ക്ക് അസുഖമായതോടെ തയ്യൽപ്പണിയിലൂടെ 
ലഭിച്ചിരുന്ന തുച്ഛമായ വരുമാനവും നിലച്ചു.
ഇതിനിടയിലായിരുന്നു അറബിയെ വിവാഹം കഴിക്കാൻ യത്തീംഖാനക്കാരുടെ നിർബന്ധം.

 എല്ലാവരും തന്റെ നിവൃത്തികേട് ചൂഷണം ചെയ്തപ്പോൾ കരയാനേ അവൾക്കായുള്ളൂ.
 വിവാഹം കഴിക്കില്ലെങ്കിൽ യത്തീംഖാനയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണി. കുടുംബം
 പുലർത്താൻ ഉമ്മ കുടിച്ച കയ്പ്പുനീർ അവൾക്ക് നന്നായിട്ടറിയാം. വിധിയെ പഴിച്ച് അവൾ
 അറബിയുടെ മണവാട്ടിയായി. രണ്ടാഴ്ചത്തെ ക്രൂരപീഡനത്തിനുശേഷം ഒരുവാക്കും പറയാതെ
 അറബി സ്വദേശത്തേക്ക് മടങ്ങി. ജീവിതം നഷ്ടപ്പെട്ട അവളെ ആർക്കും വേണ്ടായിരുന്നു. 
ജീവിതം തകർത്തവർക്കെതിരെ പോരാടാൻ മകളും ഉമ്മയും തീരുമാനിച്ചതോടെയാണ് 
പുറംലോകം സംഭവമറിയുന്നത്. മഞ്ചേരിയിലെ കോളേജിൽ ബി.കോമിന് പ്രവേശനം
 നേടിയ പെൺകുട്ടി പോരാട്ടത്തിനൊപ്പം പഠനവും തുടരും.

No comments: